കേരളം എന്താണെന്ന് അറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ല- വി ശിവൻകുട്ടി

തിരുവനന്തപുരം: കേരള സ്റ്റോറിയുടെ സംവിധായകന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സുദീപ്‌തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുംബൈയിൽ ദ കേരള സ്റ്റോറി സംഘം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുദീപ്‌തോ സെന്നിന്റെ പരാമർശം. കേരളത്തിൽ രണ്ട് തരത്തിൽ സ്ഥലങ്ങളുണ്ട് എന്നായിരുന്നു പ്രതികരണം.

‘കേരളത്തിൽ രണ്ട് തരത്തിലുള്ള സ്ഥലങ്ങളുണ്ട്. ആദ്യത്തേത് ചിത്രങ്ങളിലൊക്കെ കാണുന്നത് പോലെ, മനോഹരമായ കായൽ, സ്ഥലങ്ങൾ, കളരിപ്പയറ്റ്, നൃത്തം എന്നിവയടങ്ങിയതാണ്. മറ്റൊരു കേരളം വടക്ക് ഭാഗമാണ്, മലപ്പുറം, കാസർകോട്, കോഴിക്കോട് ഉൾപ്പടെ ദക്ഷിണ കർണാടകയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ. ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണിവിടം’, എന്നായിരുന്നു സുദീപ്‌തോ സെന്നിന്റെ പരാമർശം.

അതേ സമയം ബോളിവുഡ് നടി ആദ ശർമ്മയുടെ ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നു എന്ന് കണക്കുകൾ ഉദ്ധരിച്ച് ടൈംസ് നൗ.എതിരാളികളേ അമ്പരപ്പിച്ച് സിനിമ ഓരോ ദിവസവും വരുമാനത്തിൽ മുന്നേറുകയാണ്‌. കഴിഞ്ഞ ദിവസം 150 കോടി കടന്ന ദി കേരള സ്റ്റോറി ബുധനാഴ്ച്ച 166 കോടിയിലേക്ക് ബോക്സ് ഓഫീസ് കളക്ഷൻ ഉയരുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ സിനിമയുടെ റിലീസ് തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കളക്ഷൻ വർദ്ധിക്കും എന്നും കരുതുന്നു. രണ്ടാം വാരം കഴിയും മുമ്പേ ദി കേരള സ്റ്റോറി 200 കോടി ക്ളബ്ബും കടന്ന് മുന്നേറും എന്നും.ചിത്രത്തിന്റെ നിർമ്മാണ ചിലവ് 18 കോടി രൂപ മാത്രമേ ഉള്ളു.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം, ഇന്റർനെറ്റ് അവകാശം, ഒ.ടി.ടി എന്നിവ ഇതുവരെ ആർക്കും നല്കിയിട്റ്റില്ല. തിയറ്ററിൽ നിന്നും സിനിമയുടെ പ്രദർശനം നിർത്തിയ ശേഷമേ ഈ അവകാശങ്ങൾ വില്പന നടത്തുകയുള്ളു. 100 കോടിക്ക് മുകളിൽ എങ്കിലും ഈ ഇനത്തിലും വരുമാനം പ്രതീക്ഷിക്കുന്നു.ആദ്യ വാരാന്ത്യത്തിൽ വലിയ സ്‌കോർ നേടിയ ശേഷം, രണ്ടാം ആഴ്‌ചയിലുടനീളം ചിത്രം ബോക്‌സ് ഓഫീസിൽ മറ്റ് ഇന്ത്യൻ സിനിമകളേക്കാൾ മുന്നിട്ട് നില്ക്കുന്നു.