ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുന്നു- ഒടിയൻ സംവിധായകൻ

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിഹത്തിന് ആശംസകൾ നേർന്ന് ഒടിയൻ സംവിധായകൻ വിഎ ശ്രീകുമാർ. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണെന്നും വി.എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറ്റവും കൂടുതൽ റിലീസിങ് സ്‌ക്രീനുകൾ. റിലീസിന് മുൻപ് 100 കോടി കളക്ഷൻ! വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്ബൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാർ വമ്ബൻ വിജയമാകും. യഥാർത്ഥ ബിഗ് ബജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്ബാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.