വിചാരിച്ചപോലെയല്ലല്ലോ, ആള് മോശക്കാരിയല്ലല്ലോ എന്ന് എന്നെ നോക്കി ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞു; വാണിവിശ്വനാഥ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് നടി മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. തെലുങ്കില്‍ നാല് സിനിമകള്‍ ചെയ്തതിന് ശേഷമായിരുന്നു വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് വാണി വിശ്വനാഥ് തുറന്ന് പറയുകയാണ്.

സെറ്റിലെ ഹീറോ ഇന്നസെന്റ് ചേട്ടന്‍ ആണെന്നാണ് വാണി വിശ്വനാഥ് പറയുന്നത്. എന്നാല്‍ ആദ്യ ദിവനസങ്ങളില്‍ ഒന്നും തന്നോട് ഇന്നസെന്റ് അത്രയും ഫ്രീ ആയിരുന്നില്ലെന്നും വാണി പറയുന്നു. ‘ഒരിക്കല്‍ സെറ്റില്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ വന്നു. ഞാന്‍ തെലുങ്കില്‍ നിന്നും വന്ന നടിയാണ് എന്നറിഞ്ഞപ്പോള്‍ അവരെന്നോട് ചോദിച്ചു, തെലുങ്കില്‍ അവസരം കുറഞ്ഞതു കൊണ്ടാണോ മലയാളത്തിലേയ്ക്ക് വന്നതെന്ന്. ഉടനടി ഞാന്‍ തിരിച്ചു ചോദിച്ചു, അതെന്താ മറ്റ് ഭാഷകളില്‍ അവസരം കുറയുന്നവര്‍ക്ക് അഭിനയിക്കാനുള്ളതാണോ മലയാളമെന്ന്.

ഞാന്‍ നോക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നിട്ട് എന്നോട് ‘ ആഹാ വിചാരിച്ചപോലെയല്ലല്ലോ. ആള് മോശക്കാരിയല്ലല്ലോ എന്ന്. പിന്നെ ഞങ്ങള്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു’ എന്നാണ് വാണി വനിത ഓണ്‍ലൈനിനോട് പറഞ്ഞത്. സിനിമയില്‍ ഇന്നസെന്റിന്റെ പല കോമഡികളും കണ്ട് താന്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെന്നും അതിനാല്‍ സിദ്ധിക്ക് സാറിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വാണി വിശ്വനാഥ് പറഞ്ഞു.