വടക്കഞ്ചേരി അപകടം;ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

കൊല്ലം. വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍. കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവറായ ജോമോനെ പിടികൂടിയത്. കൊല്ലം വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഇയാള്‍. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചില്ല. നിരവധി പേരാണ് മരിച്ച കുട്ടികളെ അവസാനമായി കാണുവാന്‍ എത്തുന്നത്. മുളന്തുരുത്തിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അരക്കുന്നം ചിറ്റേത്ത് സിഎസ് ഇമ്മാനുവല്‍ (17), വലിയകുളം അഞ്ജനം അഞ്ജന അജിത് (17), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, എല്‍ന ജോസ് (15) എന്നിവരാണ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍. മറ്റൊരാള്‍ സ്‌കൂളിലെ കായിക അധ്യാപകനായ വിഷ്ണുവാണ്.

അതേസമയം സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മുവും ദുഖം രേഖപ്പെടുത്തി. സ്‌കൂള്‍ കുട്ടികള്‍ അടക്കം വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.