ഏഴ് വര്‍ഷത്തിന് ശേഷം വാണി വിശ്വനാഥ്, തിരികെ എത്തുന്നത് ഭര്‍ത്താവിന്റെ നായികയായി

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ് നടി വാണി വിശ്വനാഥ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായിട്ടാണ് നടിയുടെ മടങ്ങി വരവ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ച് നടന്നു. ദി ക്രിമിനല്‍ ലോയര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷം. ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതല്‍ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം’.വാണി വിശ്വനാഥ് പറയുന്നു.

‘ത്രില്ലര്‍ക്രൈം സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.’

‘മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’വാണി പറഞ്ഞു.

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആശംസ നേരാനായി എത്തിയിരുന്നു.