വാവാ സുരേഷിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്

തിരുവനന്തപുരം തട്ടത്തുമലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ സുരേഷിനെ 11.45ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കിളിമാനൂരിൽ വെച്ച് നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ചു. ശേഷം കറങ്ങി എതിരെ വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

വാവ സുരേഷിന് പാമ്പുകളോടുള്ള താൽപര്യം ചെറുപ്പത്തിലേ തുടങ്ങി. 12 വയസിൽ മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചു. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കാനായിരുന്നു ഇത്. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തി. ദിവസവേതനത്തിനായി വിവിധ ജോലികൾ ചെയ്തു.

പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം മനസിലാക്കിയവർ വീടുകളിലോ പരിസരത്തോ പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം സഹായത്തിനായി സുരേഷിന്റെ അടുത്തെത്തി. അങ്ങനെ കാലം ചെല്ലുംതോറും പാമ്പിനെ പിടികൂടാനായി സുരേഷ് എത്താത്ത സ്ഥലങ്ങൾ കേരളത്തിലില്ലാതെയായി.

വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകർ ഏറെ. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പെട്ടു പോകുന്ന അപൂർവ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നിവയെല്ലാം സുരേഷ് ചെയ്തുവരുന്നു.

പാമ്പിനെ പിടിക്കാൻ വാവ സുരേഷ് പ്രത്യേകം കാശൊന്നും വാങ്ങാറില്ല എന്നതുതന്നെയാണ് വാവ സുരേഷിനെ ജനപ്രിയനാക്കുന്നത്. മറ്റു പാമ്പ് പിടിത്തക്കാർ 5000 രൂപവരെ ഈടാക്കുമ്പോഴാണ് വാവ സുരേഷിന്റെ സൗജന്യ സേവനം.

പാമ്പുപിടിത്തതിനിടെ പലവട്ടം കടിയേറ്റിട്ടും വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. നാല് തവണ സുരേഷ് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 250ൽ അധികം തവണ പാമ്പുകടിയേറ്റു. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012ൽ സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു. 2013 ഓഗസ്റ്റിൽ അണലി കടിച്ചത് കാരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.