പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ്

പഠിക്കാൻ വേണ്ടിയാണ് പാമ്പുകളുടെ കടി താൻ വാങ്ങിയിട്ടുണ്ടെന്നും, മൊത്തം കണക്കെടുത്താൽ ഏകദേശം നാലായിരത്തോളം കടികൾ തനിക്കു പമ്പുകളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. ഒരു ചാനലിന് നൽകിയ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെെനിക സ്കൂളിലെ വിദ്യാർത്ഥികളുമായി നടന്ന സംവാദത്തിൽ സാംസാരിക്കുകയായിരുന്നു വാവസുരേഷ്

കഴിഞ്ഞ 35 വർഷങ്ങളായി ഞാൻ പാമ്പു പിടുത്തം നടത്തുന്നു. ഏകദേശം അൻപതിനായിരത്തിലധികം പാമ്പുകളെ ഇതിനകം പിടികൂടിയിട്ടുണ്ട്. 231 രാജവെമ്പാലകളെ ഞാൻ പിടികൂടിയിട്ടുണ്ട്. ഇത്രയധികം രാജവെമ്പാലകളെ പിടികൂടിയ മറ്റൊരാൾ കേരളത്തിലില്ല. അതേസമയം അങ്ങനെയൊരാൾ കേരളത്തിന് വെളിയിലുണ്ടോ എന്ന് എനിക്ക് അറിയില്ല – വാവ സുരേഷ് പറഞ്ഞു.

പാമ്പുകളുടെ കടി വാങ്ങിയ കാര്യത്തിൽ താൻ മുന്നിലാണ്. ഏകദേശം നാലായിരത്തിലധികം കടികൾ താൻ പാമ്പുകളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതിൽ കുറച്ചു കടികൾ സ്വന്തമായി വാങ്ങിയതാണ്. ശരീരത്തിലെ ചർമ്മം തുളച്ച് അകത്തു പോകാത്ത രീതിയിൽ സംഭവിക്കുന്ന ചില കടികളുണ്ട്. അത്തരത്തിലുള്ള നിരവധി കടികൾ താൻ കരുതിക്കൂട്ടി വാങ്ങിയിട്ടുണ്ട്. പഠനത്തിനു വേണ്ടിയാണ് ഈ കടികൾ താൻ വാങ്ങിയത് – വാവ സുരേഷ് പറഞ്ഞു.

നമുക്ക് മറ്റൊരാളിൽ പഠിക്കാൻ കഴിയില്ല. പഠിക്കണമെങ്കിൽ ത്തന്നെ അയാളുടെ അനുവാദം ആവശ്യമാണ്. എന്നാൽ ഒരാൾക്ക് സ്വയം പഠിക്കാം. അതിന് ആരുടെയും അനുവാദം വേണ്ട. രാജവെമ്പാലയുടെ ആദ്യ പേര് കൃഷ്ണ സർപ്പമെന്നാണെന്നും കേരളത്തിൽ രാജവെമ്പാല കടിച്ചുള്ള ആദ്യ രേഖപ്പെടുത്തിയ മരണം തിരുവനന്തപുരം മൃഗശാല സൂക്ഷിപ്പുകാരനായ ഹർഷാദിൻ്റേതാണെന്നും വാവ സുരേഷ് പറഞ്ഞിരിക്കുന്നു.