ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കാലതാമസം വന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യ വകുപ്പിൽ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഓപ്പറേഷൻ തിയേറ്ററിൽ പോലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ചില ആളുകൾ ചേർന്ന് ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്.

മൂന്ന് മണിക്കൂർ കൊണ്ട് ആലുവയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച അവയവം എടുത്ത് വയ്ക്കാൻ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാൻ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്.

മനുഷ്യ ജീവന് ഒരു വിലയും നൽകാത്ത തരത്തിൽ ആരോഗ്യ വകുപ്പ് തകർന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവർത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.