ദ്രൗ​പതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി/ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ​ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവും മുൻ ഝാർഖണ്ഡ് ​ഗവർണറുമായ ​ദ്രൗ​പതി മുർമുവിനെ പ്രഖ്യാപിച്ചു. ആദിവാസി ​ഗോത്ര വിഭാ​ഗത്തിൽ നിന്നുള്ള നേതാവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ബിജെപി ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടിരി ക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ച പിറകെ ദ്രൗ​പതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ​ഗഡ്കരി അടക്കമുള്ളവർ യോ​ഗം ചേർന്നതിന് പിന്നാലെയാണ് നഡ്ഡ ബിജെപി ആസ്ഥാനത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഗോത്ര വിഭാ​ഗത്തിൽ നിന്നുള്ള ആദ്യത്തെ ​വനിതാ ​ഗവർണറെന്ന പെരുമ നേരത്തെ സ്വന്തമാക്കിയ ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ​ഗോത്ര വിഭാ​ഗം വനിത എന്ന പ്രത്യേകത കൂടി ഉണ്ട്. ദ്രൗ​പതി മുർമു 2000ത്തിൽ നവീൻ പട്നായിക്ക് മന്ത്രിസഭയിൽ അം​ഗമായിരുന്നു.

ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ് ഇപ്പോൾ. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.