ഓണക്കിറ്റ്; ഏലക്ക വാങ്ങിയതിൽ ഗുരുതര അഴിമതി നടന്നെന്നു വി.ഡി. സതീശൻ

ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഓണക്കിറ്റിലേക്ക് നിലവാരം കുറഞ്ഞ ഏലം ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നു അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ഇടനിലക്കാരൻ വഴിയാണ് അഴിമതി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ 8 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി.ടി. തോമസ് എം.എൽ.എ. നേരത്തെ രംഗത്തെത്തിയിരുന്നു. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് നൽകുന്നത്. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണത്തിന് മുൻപായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മൊത്തം 420.50 കോടി രൂപയോളമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 18 ന് മുൻപായി പൂർത്തിയാക്കാനായിരുന്നു സർക്കാർ പദ്ധതി.