സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി കേസ് ; കർണാടക പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി കേസിൽ പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. തനിക്ക് സമൻസ് കിട്ടിയിട്ടില്ല. എന്നാൽ പോലീസ് സ്‌റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു കെആർ പുര പോലീസ് സ്‌റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരാക്കുക.

സ്വപ്ന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506 വകുപ്പ് ചുമത്തിയാണ് ബെംഗളൂരു കൃഷ്ണരാജ പുര പോലീസ് വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ വാട്‌സ്ആപ് വഴി പോലീസ് സമൻസ് അയച്ചിരുന്നു.

30 കോടി രൂപ നൽകാമെന്നും കൈയിലുള്ള തെളിവുകൾ നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് സ്വപ്നയോട് വിജേഷ് ആവശ്യപ്പെട്ടത്. എംവി ഗോവിന്ദന് വേണ്ടി എന്ന പേരിലാണ് തന്നെ വിജേഷ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്നയുടെ പരാതിയിലുണ്ട്

പിന്നാലെ സ്വപ്ന സുരേഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇതിനിടെ വിജേഷ് സ്വപ്നയ്‌ക്കെതിരെ കേരളത്തിൽ മാനനഷ്ടക്കേസ് നൽകി. സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.