ഒന്നിൽ പിഴച്ചാൽ മൂന്ന്, തൃശൂരിൽ ഇത്തവണ സുരേഷ് ​ഗോപി ജയിക്കും- വിജി തമ്പി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്ന് സംവിധായകനും വിശ്വ ഹിന്ദു പരിഷത് സംസ്ഥാന നേതാവുമായ വിജി തമ്പി. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധവുമുണ്ട്. തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽനിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി.

തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു, അതിൽ നഷ്ടം അവർക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും.