പ്രേക്ഷകന് അറപ്പ് ഉളവാക്കുന്ന കഥാപാത്രമാണത്‌, വിജയ രാഘവന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയ രാഘവന്‍. നടനായും, വില്ലനായും, സഹനടനായും ഒക്കെ തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എ കെ സാജന്‍ സംവിധാനം ചെയ്ത 2002ല്‍ പുറത്തിറങ്ങിയ ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അഭിനയിക്കുമ്പോള്‍ നടനെന്ന നിലയില്‍ വെറുപ്പ് തോന്നിപ്പോയ ഒരേയൊരു കഥാപാത്രമെന്ന് വിജയരാഘവന്‍ പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് വിജയ രാഘവന്‍ ഇക്കാര്യം പറഞ്ഞത്.

വിജയരാഖവന്റെ വാക്കുകള്‍ ഇങ്ങനെ, ‘സ്റ്റോപ്പ് വയലന്‍സില്‍ ഞാന്‍ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണ്. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോട് ഒന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലന്‍ഡിലെ ‘സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്‌ബോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി.

മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയ ജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. മറ്റു വില്ലന്മാര്‍ എന്നതൊന്നും എന്റെ കാഴ്ചപ്പാടില്‍ ഒരു വില്ലന്മാരേയല്ല, പക്ഷേ സിഐ ഗുണ്ടാ സ്റ്റീഫന്‍ കാണുന്ന പ്രേക്ഷകന് അറപ്പ് ഉളവാക്കുന്ന കഥാപാത്രമാണ്. ഒരോ സീന്‍ അഭിനയിക്കുമ്പോഴും എനിക്ക് തന്നെ എന്തൊരു വൃത്തികെട്ട കഥാപാത്രമാണ് ഇതെന്ന് തോന്നി’.