പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല, ചർച്ചയായി വിനായകന്റെ വാക്കുകൾ

രജനികാന്ത് നായകനായെത്തിയ ജയിലർ’ ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകനോടൊപ്പം നിറഞ്ഞാടിയ വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രവും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിനായകന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെയായിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലർ ചിത്രത്തിലെ അപൂർവ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തിൽ ഒരിടത്ത് വിനായകൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’ – വിനായകൻ പറയുന്നത്. ജയിലർ ചിത്രത്തിലും ഈ ‘കിരീടം വയ്ക്കുന്നത്’ ഒരു രംഗത്ത് വരുന്നത്. വിനായകൻറെ ഈ അഭിമുഖത്തിലെ വാക്കുകളും ചേർത്ത് പലരും വിശേഷിപ്പിക്കുന്നുണ്ട്.

ജയിലർ റിലീസ് ചെയ്ത് ഒരുവാരത്തോട് അടുക്കുമ്പോഴും വിനായകനെ, വിനായകനിലെ നടനെ പുകഴ്ത്തി കൊണ്ടേയിരിക്കുകയാണ് മലയാളികളും തമിഴരും. ‘നായകൻ തിളങ്ങണമെങ്കിൽ വില്ലൻ അതിശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ’, എന്നാണ് ചില സോഷ്യൽ മീഡിയ കമൻറുകൾ. തമിഴ് ചാനലിൽ വിനായകനെ പുകഴ്ത്തുന്ന ഒരു സ്പെഷ്യൽ റിപ്പോർട്ടും ഏറെ വൈറലാണ്.