വിദേശ സംഭാവന നിയമം ലംഘിച്ചു; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി. വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടം ലംഘനത്തിന് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന സര്‍ക്കാരിതര സ്ഥാപനമാണ് ഇവ. രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി ചിദംബരം എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.

ഈ സംഘടനകള്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്‌സിയില്‍ നിന്നും സംഭാവന സ്വീകരിച്ചുവെന്നാണ് ആരോപണം. മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെത്തുന്ന പണം സംഘടനയ്ക്കായി വകമാറ്റിയതായും ആരോപണമുണ്ട്. സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ മോദി സര്‍ക്കാര്‍ മന്ത്രാലയതല സമിതിക്ക് രൂപം നല്‍കിയിരുന്നു.

ചൈനീസ് എംബസിയില്‍ നിന്നും സംഘടന പണം സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. ദുരിതത്തില്‍ പെടുന്നവരെ സാഹായിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പിഎംഎന്‍ആര്‍എഫില്‍ നിന്നുള്ള പണവും സംഘടനയിലേക്ക് മാറ്റിയതായി അദ്ദേഹം പറയുന്നു.