ഹരിയാനയിലെ അക്രമം, ഡൽഹിയിൽ സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദ്ദേശം

ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമം കണക്കിലെടുത്ത് ഡൽഹിയിലും സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശം. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിഎച്ച്പി, ബജ്‌റങ്ദൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഫരിദാബാദ്–‍ഡൽഹി പാതയിലും ഗതാഗതം മുടങ്ങി.

കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചു. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണം. മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ല. അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.

ഹരിയാനയിലെ നൂഹിൽ ആരംഭിച്ച അക്രമം രാജ്യതലസ്ഥാനമായ ഡൽഹിയുടെ 20 കിലോമീറ്റർ വരെ അടുത്തെത്തി. ഇതോടെ ഡൽഹിയിൽ അതീവ ജാഗ്രത പുലർത്തുകയാണ്.

തിങ്കളാഴ്ച തുടങ്ങിയ അക്രമം മൂന്നാം ദിവസവും പൂർണമായും ഒതുങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയും പലയിടത്തും കടകൾ കത്തിച്ചു. ഗുരുഗ്രാം സെക്ടർ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും പെട്രോൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബാദ്ഷാപുർ, സോഹ്ന റോ‍ഡ്, പട്ടൗഡി ചൗക്, സെക്ടർ 67, സെക്ടർ 70, സെക്ടർ 57 എന്നിവിടങ്ങളിലാണ് അക്രമം അരങ്ങേറിയത്.