ചോര പോലീസുകാരോട് കഴുകി തരാന്‍ പറാ, റോഡ് അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലെത്തിച്ച കാര്‍ ഉടമയ്ക്ക് നേരിട്ടത് ദുരനുഭവം

അപകടത്തില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിച്ച കാര്‍ ഉടമയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

റുസ്ഫീദ് എന്ന തലശേരി സ്വദേശി പാനൂരിലുള്ള തന്റെ കടയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ട മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സക്കറിയ സ്വലാഹിയെ ആശുപത്രിയില്‍ എത്തിച്ചത്. ചോരവാര്‍ന്ന് അവശ നിലയിലായ സ്വലാഹിയെ ആശുപത്രിയിലെത്തിക്കും വഴി റുസ്ഫീദിന്റെ കാറിലെ പിന്‍സീറ്റില്‍ രക്തം പടര്‍ന്നിരുന്നു. പരിക്കേറ്റയാളിനെ ആശുപത്രിയിലാക്കിയ ശേഷം സര്‍വീസ് സെന്ററിലെത്തി കാര്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഉടമ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഉടമ തലശേരി എസ്.ഐ ബിനുമോഹനെ വിളിച്ച് വിവരം പറയുകയും പൊലീസ് നേരിട്ട് സര്‍വീസ് സെന്ററുകാരോട് കാര്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ വേണമെങ്കില്‍ പൊലീസുകാരോട് കഴുക്കി തരാന്‍ പറഞ്ഞോളാനായിരുന്നു സര്‍വീസ് സെന്റര്‍ ഉടമയുടെ ധിക്കാരം നിറഞ്ഞ മറുപടി, ഇത് വീഡിയോയില്‍ പകര്‍ത്തുകയും റുസ്ഫീദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

സര്‍വ്വീസ് സെന്റര്‍ ഉടമയ്ക്കെതിരെ ശക്തമായ നടപടി പൊലീസ് എടുക്കണമെന്നാണ് വീഡിയോ കണ്ട നിരവധിപേര്‍ പ്രതികരിച്ചിരിക്കുന്നത്. വാഹന അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെ അനുമോദിക്കുന്നതിന് പകരം ഇത്തരത്തില്‍ കഷ്ടപ്പെടുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും അഭിപ്രായം ഉയരുന്നു.