വിവാഹം കഴിച്ചിട്ടില്ല, എനിക്ക് ഒരു മകളുണ്ട്, വേദിയിൽ മകളെ ചേർത്തു പിടിച്ച്‌ വിശാൽ

അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് വിശാൽ. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കിടയിൽ താൻ കണ്ടുമുട്ടിയ ഒരു വിദ്യാർഥിനിയെ പൊതുവേദിക്ക് വിശാൽ പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റൺ മേരി എന്ന പെൺകുട്ടിയെ വിശാൽ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്. താൻ വിവാഹിതനല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാൽ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചത്.

പെൺകുട്ടിയുടെ പേര് ആന്റൺ മേരി എന്നാണെന്നും അവൾ ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാർഥിയാണെന്നും വേദിയിൽ വച്ച്‌ വിശാൽ പറഞ്ഞു. ആന്റൺ മേരിയെ ഒരു സുഹൃത്തു വഴിയാണ് കണ്ടുമുട്ടിയതെന്നും കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റൺ മേരിയെന്നും വിശാൽ പറഞ്ഞു.

അതേസമയം, വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റൺ മേരി വേദിയിൽ വച്ച്‌ പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണമെന്നത് സ്വപ്‌നമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്‌നമാണ്. സാധിക്കില്ല എന്നതൊക്കെ. പക്ഷേ വിശാൽ അണ്ണൻ വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും’, ആന്റൺമേരി വേദിയിൽ വച്ച്‌ പറഞ്ഞു.