ഡ്യൂപ്പ് ഇടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, കിണറ്റില്‍ ചാടിയ സാനിയയ്ക്ക് ഒടുവില്‍ പണികിട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തിരക്കഥാകൃത്തായും ശ്രദ്ധേയനാണ് താരം. നിരവധി ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ച് കഴിഞ്ഞു. വിഷ്ണുവിന്റേതായി പുറത്തെത്തുന്ന പുതിയ ചിത്രം രണ്ട് ആണ്. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. വിഷ്ണുവിന്റെ നായികയായി അന്ന രാജനാണ് എത്തുന്നത്.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് ഏറ്റവും അവസാനമായി പുറത്ത് എത്തിയ ചിത്രം. ഒടിടിവഴി റിലീസ് ചെയ്ത ചിത്രത്തില്‍ സാനിയ ഇയ്യപ്പനായിരുന്നു നായിക. ചിത്രീകരണ സമയത്ത് സാനിയയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനിപ്പോള്‍.

‘ഒരുപാട് സ്റ്റണ്ടും കാര്യങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ കഷ്ടപ്പെട്ടത്. അവള്‍ കിണറ്റില്‍ ചാടുന്ന രംഗത്തിലൊന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ഞാന്‍ അവളോട് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ധൈര്യമുണ്ടെന്നും ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണ് ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടിയത്. അത് ഒറിജിനല്‍ കിണര്‍ ആയിരുന്നു. റീടേക്ക് എടുക്കേണ്ടി വന്നിരുന്നു. അങ്ങനെ കിണറ്റില്‍ ചാടുന്നതിനിടെ കൈയ്യില്‍ ഭിത്തിയില്‍ ഇടിച്ചു.’

‘കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈയ്യൊടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. പരിക്കുകള്‍ ഉണ്ടായിരുന്നു. പക്ഷെ അവള് തളര്‍ന്നൊന്നുമില്ല. വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തി. അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണ്’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.