ഞങ്ങള്‍ക്കിത് വലിയ തുകയല്ല, പണം ചാരിറ്റിയിലേയ്ക്കില്ല, വിഷു ബമ്പര്‍ ഭാഗ്യവാന്മാര്‍ പറയുന്നു

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യാന്മാരെ കണ്ടെത്തിയത്. കന്യാകുമാരിക്ക് സമീപം മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സമ്മാനം ലഭിച്ചത്. ‘ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ല, ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്‌ബോള്‍ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയില്‍ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തില്‍ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മള്‍ എന്തെങ്കിലും ചെയ്യും. സമ്മാനം ലഭിച്ചതില്‍ ദൈവത്തിന് നന്ദി’- ഇരുവരും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച വിറ്റ HB 727990 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിറ്റ വലിയതുറ സ്വദേശികളായ ജസീന്ത- രംഗന്‍ ദമ്പതിമാരായിരുന്നു ടിക്കറ്റ് വിറ്റത്. ഒരാഴ്ചയോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ രമേശനും ഡോക്ടര്‍ പ്രദീപും ഇന്ന് ലോട്ടറി ഓഫീസില്‍ എത്തി. ഈ മാസം 15ന് വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവലത്തില്‍ എത്തിയപ്പോഴാണ് ലോട്ടറിയെടുത്തത്. തമിഴ്‌നാട് ആരോഗ്യവകുപ്പിലെ ഡോക്ടറാണ് പ്രദീപ്.

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ പ്രദീപ് പറഞ്ഞു. കുടുംബത്തില്‍ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്‌നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. 15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ഇവര്‍ ടിക്കറ്റെടുത്തത്. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കഴിച്ച് ആറ് കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.