ചേട്ടനും കൂട്ടുകാർക്കുമൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങളുമായി വിസ്മയ

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു. എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ താരപുത്രിയുടെ പുസ്തകം പുറത്തിറങ്ങിയിരുന്നു. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്.

ഇപ്പോഴിതാ, ചേട്ടൻ പ്രണവിനും കൂട്ടുകാർക്കുമൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തിയും മലനിരകളിൽ ടെന്റ് അടിച്ച്‌ താമസിച്ചുമൊക്കെ യാത്ര ആസ്വദിക്കുകയാണ് വിസ്മയയും പ്രണവും.