വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം മറ്റന്നാൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക.

മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്റ്റ്മോ‌ർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്.പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്.

റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു.