കൊവിഡ് അനുബന്ധ മരണങ്ങളുടെ കണക്കുമായി ലോകാരോഗ്യ സംഘടന

കൊവിഡ് 19 മഹാമാരിയില്‍ നേരിട്ട് ബാധിക്കപ്പെട്ടോ, അതിനോട് അനുബന്ധമായ പ്രതിസന്ധികളുടെ ഭാഗമായോ ജിവന്‍ നഷ്ടപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന. ഇന്ന് ഔദ്യോഗികമായി ലഭ്യമായ കൊവിഡ് മരണനിരക്കില്‍ നിന്ന് ഇരട്ടിയിലധികമാണ് ഈ കണക്ക്.

കൊവിഡ് 19 വന്നതിന് ശേഷം ലോകത്ത് ആകെ ഒന്നര കോടിയോളം പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 62 ലക്ഷം പേരാണ് ഔദ്യോഗിക കണക്കുകളില്‍ ലോകത്താകെയും കൊവിഡ് 19മായി ബന്ധപ്പെട്ട് മരിച്ചിട്ടുള്ളത്.

കൊവിഡ് 19 ബാധിച്ച് മാത്രമല്ല, അതിനോട് അനുബന്ധമായി മെഡിക്കല്‍ മേഖലകള്‍ പ്രതിസന്ധികള്‍ നേരിട്ടത് മുഖേനയും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലുള്‍പ്പെടുന്നുണ്ട്. അതായത്, ഒരു ക്യാന്‍സര്‍ രോഗിക്ക് കൊവിഡ് കാലത്ത് ചികിത്സ നിഷേധിക്കപ്പെടുകയും അയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തുവങ്കില്‍ അതും ഈ കണക്കിലുള്‍പ്പെടുന്നുണ്ട്.