ഔദ്യോഗിക വസതിയില്‍ നിന്നും മാറി, ഭരണ പരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം വി എസ് ഒഴിയുന്നു

തിരുവനന്തപുരം:മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന. ആരോ?ഗ്യ പ്രശ്നങ്ങള്‍ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഭരണ പരിഷ്‌കാര കമ്മീഷന്റെ കാവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ തന്നെ അദ്ദേഹം താമസം മാറി.

ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ 2016 ജൂലായിലാണ് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തന്നെ സ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഭരണപരഷ്‌കാര കമ്മിഷന്‍ ഇതിനോടകം ആറ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി കമ്മിഷന്‍ സമര്‍പ്പിക്കാനുണ്ട്. അതിന്റെ മിനുക്കുപണികള്‍ക്കിടെയാണ് സ്ഥാനം ഒഴിയുന്നതിനുളള വിഎസിന്റെ തീരുമാനം. റിപ്പോര്‍ട്ടുകള്‍ കൊടുത്ത ശേഷം കമ്മിഷന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വിഎസ് പങ്കെടുത്തിരുന്നില്ല.