ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പോകുന്നതാണ് എതിർത്തത്- നാസർ ഫൈസി

കോഴിക്കോട്. സമസ്തയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ഫുട്‌ബോള്‍ അമിത ലഹരി ആകുന്നതിനെ ആണ് എതിര്‍ക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ നീങ്ങുന്നതു ചെറുക്കാന്‍ ഉള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ ഇത് ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിനു പകരം അതൊരു ലഹരിയും ജ്വരവുമായി മാറുന്നു. അതൊരു നല്ല പ്രവണതയല്ല. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കളി ആസ്വദിക്കട്ടെ. അതിനപ്പുറത്തേക്ക് അതിനെ കൊണ്ടുപോകുന്നത് താരാരാധനയിലേക്കു നയിക്കും. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നു.

സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ക്കല്ല. ഒരുപാട് രോഗികള്‍ കഷ്ടപ്പെടുന്ന, ഒരുപാട് പേര്‍ വീടില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് അതിലേക്കാണ് പണം ചെലവഴിക്കേണ്ടത് എന്ന ബോധവല്‍ക്കരണം നല്‍കും. ഇതൊരു ധൂര്‍ത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം. പരിധി ലംഘിക്കാന്‍ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ അദ്ദേഹം പറഞ്ഞു.