വാടസ്പ്പില്‍ കടുത്ത നിയന്ത്രണം, ഇനി മെസ്സേജ് ഫോർവേർഡ് ചെയ്യാനാവുക ഒരാൾക്ക് മാത്രം

കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയകളിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി വാട്സ് ആപ്പ്. വാട്ട്സ് ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്സ് ആപ്പ് കമ്പനി. വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പാള്‍ അതിവേഗം പരക്കുകയാണ് വ്യാജവാര്‍ത്തകളും. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും പലരേയും അറസ്റ്റ് ചെയ്തിട്ടും വ്യാജവാര്‍ത്തകളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. ഈ സാഹചര്യത്തിലാണ് വാട്സ് ആപ്പ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്സ്ആപ്പ് നടത്തുന്നത്. മുന്‍പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അവകാശപ്പെടുന്നത്. ഇതിനൊപ്പം തന്നെ കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സത്യസന്ധമായ ഉറവിടമല്ലാത്ത എല്ലാ ഫോര്‍വേഡ് മെസേജുകള്‍ക്കും തടയിടാനായാല്‍ അതു സൈബര്‍ ഉപയോക്താക്കളുടെ ഭീതി അകറ്റാനാവുമെന്ന് വാട്‌സ്ആപ്പ് കരുതുന്നു. എന്നാലിപ്പോഴും ഇത് ബീറ്റാ മോഡിലാണ് കാണുന്നത്. സേര്‍ച്ച് മെസേജ് ഓണ്‍ ദി വെബ് എന്ന ഫീച്ചറിലൂടെയാണ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പരിഹരിക്കാന്‍ വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

തെറ്റായ വിവരങ്ങളെയും നേരിടാന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ കൊണ്ടുവന്നേക്കാമെന്നാണ് കരുതുന്നത്. വെബിലെ സേര്‍ച്ച് മെസേജ് എന്ന് വിളിക്കുന്ന ഫീച്ചര്‍ ഒരു സന്ദേശം ശരിയാണോ അതോ ആധികാരികമാണോ എന്ന് പരിശോധിക്കാന്‍ ഒരു ഉപയോക്താവിനെ സഹായിക്കും. വാചക സന്ദേശങ്ങള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ കൈമാറുന്നതു പോലെ വാട്ട്‌സ്ആപ്പ് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അധികനാളായില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ട്രാക്കുചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നാണിത്. ഇത് ഇന്ത്യ പോലൊരു രാജ്യത്ത് ഏറെ ഫലപ്രദം തന്നെയായിരിക്കും.

വൈറസിനേക്കാള്‍ അതിവേഗത്തില്‍ പരക്കുകയാണ് വ്യാജവാര്‍ത്തകള്‍. വ്യാജവാര്‍ത്തകളില്‍ വശംവദരാകുന്നവര്‍ അത് അനുകരിച്ച് സ്വായം അപകടം വരുത്തി വെക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. വൈറസിന്റെ പേരില്‍ പരക്കുന്ന വ്യാജവാര്‍ത്തകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൊറോണയെ പിടിച്ചു കെട്ടാന്‍ ലോകം മുഴുവന്‍ പാടുപെടുമ്പോഴാണ് ഇന്റര്‍നെറ്റിലെ പല ഉറവിടങ്ങളില്‍ നിന്നും വൈറസിനെക്കുറിച്ച് ഭീതിജനകമായ വ്യാജപ്രചരണങ്ങള്‍ പുറത്തു വരുന്നത്. തീര്‍ത്തും വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ വലിയൊരു വിഭാഗത്തെ ആശങ്കയിലാഴ്ത്തുന്നു. കോവിഡിനെതിരെ ചികിത്സാരീതികളെന്ന് പുറത്ത് വരുന്ന വാര്‍ത്തകളാണ് അതില്‍ ഏറെ ഭീതി പരത്തുന്നത്. നാട്ടുവൈദ്യം മുതല്‍ മദ്യം വരെ നീളുന്നു വൈറസിനെതിരെയുള്ള ചികിത്സാരീതികളെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട വ്യാജവാര്‍ത്തകളൊക്കെ അതുപോലെ അനുകരിച്ചവര്‍ വലിയ ആപത്താണ് വരുത്തി വെച്ചത്.