കോവിഡ് വാക്സിന്‍ ഡോസ് വിതരണം 75 കോടി കടന്ന ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന കോവിഡ് വാക്സിൻ പ്രക്രിയയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. നിലവിൽ രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ് രംഗത്തെത്തിയത്.

‘ആദ്യത്തെ 10 കോടി ഡോസ് വാക്സിൻ നൽകാൻ 85 ദിവസമെടുത്തപ്പോൾ, ഇന്ത്യ വെറും 13 ദിവസത്തിനുള്ളിൽ വിതരണം ചെയ്ത വാക്സിൻ ഡോസ് 65 കോടിയിൽ നിന്ന് 75 കോടിയാക്കി ഉയർത്തിയിരിക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷൻ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് 75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത നിർണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.