പരീക്ഷണത്തിലുള്ള ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്‍തിയില്ല: വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന

ലോകത്ത് ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കർഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോ​ഗ്യ സംഘടനയുടെ ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ജനം കേട്ടത്. വൈറസിനെ പിടിച്ചുകെട്ടാൻ വാക്സിൻ അനിവാര്യമാണെന്നിരിക്കെയാണ് പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വാക്സിന്റെ വരവ് വൈകിയാൽ ലോകരാജ്യങ്ങൾ വൻ സാമ്പത്തിക മാന്ദ്യത്തിലേക്കാവും കൂപ്പുകുത്തുക. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയൂ എന്നാണ് ലോകാരോ​ഗ്യ സംഘടന വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.

അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷൻ പ്രതീക്ഷിക്കരുതെന്നും അവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്സിനേഷൻ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം. അതേസമയം അമേരിക്കയിൽ നവംബർ ഒന്നോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം‍ നൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവൻ റോബർട്ട് റെഡ് ഫീൽഡാണ് ഗവർണർമാർക്ക് കത്തയച്ചത്.

വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലും ആശങ്കയുണ്ട്. നേരത്തെ റഷ്യ കോവിഡ് വാക്സിന് അനുമതി നൽകിയപ്പോൾ മരുന്ന് പരീക്ഷണത്തിൻറെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കില്ലെന്ന വിമർശനം അമേരിക്ക ഉന്നയിച്ചിരുന്നു. നിലവിൽ അമേരിക്കക്കെതിരെയും സമാന വിമർശനം ഉയരുകയാണ്.