ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം: ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് മഹാമാരി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മരണകാരിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹര്യം ആശങ്കാജനകമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസിനെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

.ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണവും വര്‍ധിക്കുകയാണ്. നിരവധിപ്പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ലോകാരോഗ്യ സംഘടന സഹകരിക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അയച്ചു. മൊബൈല്‍ ആശുപത്രികള്‍ നിര്‍മിക്കാനാവശ്യമായ ടെന്റുകള്‍, മാസ്‌ക്, മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ എല്ലാവരോടും നന്ദി അറിയിക്കുന്നു.

ഗുരുതര സാഹചര്യം ഇന്ത്യയില്‍ മാത്രമല്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെ രാജ്യങ്ങളിലും കോവിഡ് കേസുകളും ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെയും എണ്ണം വര്‍ധിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഇതുവരെ 3.3 ദശലക്ഷം ജീവനാണ് കോവിഡ് കവര്‍ന്നത്. ആദ്യ തവണത്തേക്കാള്‍ ഇക്കുറി കോവിഡ് കൂടുതല്‍ മരണകാരിയാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്‌സിന്‍ വിതരണം ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ്. പൊതുജനാരോഗ്യ നടപടികളും വാക്‌സിനേഷനും സംയോജിപ്പിച്ചേ മഹാമാരിയെ നേരിടാനാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.