റോഡ് കുഴിയാക്കി ഇടാന്‍ എന്തിനാണ് എന്‍ജിനീയര്‍മാര്‍; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി. കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ പന്നെ എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി ചോദിച്ചു. ഇവിടെ എന്‍ജിനീയര്‍മാര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്. അവര്‍ ഇപ്പോഴും 18-ാം നൂറ്റാണ്ടിലാണോ എന്നും ഹൈക്കോടതി ചോദിച്ചു. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം ഭയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പരിക്കേറ്റ വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ച കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരെ കോടതിയുടെ വിമര്‍ശനം. അതേസമയം ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയടക്കല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പുതുക്കി പണിയുവനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുറമെ ആലുവ മൂന്നാര്‍ റോഡ് മൂന്ന് വരിയാക്കി പുതുക്കി നിര്‍മ്മിക്കുമെന്നും. ഇതിനായി സ്ഥലം എടുക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടന്ന് വരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം ആലുവ പെരുമ്പാവൂര്‍ റോഡില്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചുവെന്ന വാര്‍ത്ത സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. റോഡില്‍ കുഴി ഉള്ളത് കൊണ്ടല്ല അദ്ദേഹം വിണത്. ഷുഗര്‍ കുറഞ്ഞതിനാല്‍ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും സര്‍ക്കാര്‍ കോടിയെ അറിയിച്ചു. പോലീസ് മകന്റെ മൊഴി എടുത്തിരുന്നുവെന്നും ഇതില്‍ ഷുഗര്‍ കുറഞ്ഞതാണ് കുഴഞ്ഞ് വീഴുവാന്‍ കാരണമെന്ന് മകന്‍ പറയുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വീണ്ടും പോലീസ് മൊഴിയെടുക്കുവാന്‍ മരിച്ച കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പരാതിയില്ലെന്ന് അറിയിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു. ഓഗസ്റ്റ് 20നാണ് കുഞ്ഞുമുഹമ്മദ് റോഡിലെ കുഴിയില്‍ വിണ് മരിക്കുന്നത്. തലയിടിച്ചാണ് വീണത് ഇതില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്.