കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി

സംസ്‌ഥാനത്തു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിനായി ദ്രുതകർമ സംഘം പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അധ്യാപകരെ കൂടി നിയമിക്കുമെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അധ്യാപകരെ നിയോഗിച്ചു. മുനിസിപ്പാലിറ്റിയിൽ രണ്ടും, പഞ്ചായത്ത് വർഡിൽ ഒന്നും അധ്യാപകർ ഈ ജോലിയിൽ ഏർപ്പെടും.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതീവരൂക്ഷമായിരിക്കുകയാണ്. ഇന്ന് 26995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 137177 ആയി. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.