മാപ്പുപറയുകയോ, തിരുത്തിപ്പറയുകയോ ചെയ്യില്ല, സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയിൽ വിശ്വാസികളെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പ്രസംഗത്തിനിടെ ഹിന്ദു വി​ശ്വാസത്തെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ സ്പീക്കർ മാപ്പുപറയുകയോ തിരുത്തിപ്പറയുകയോ ചെയ്യില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ശാസ്‍ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാൽ വക വെച്ചു കൊടുക്കാനാവില്ല.

ഷംസീറിനെതിരെ ആദ്യം രംഗത്തുവന്നത് കെ. സുരേന്ദ്രനാണ്. പിന്നാലെ കോൺഗ്രസും സമാന നിലപാടെടുത്തു. സ്വർണക്കടത്ത് കേസിലും കേരളം ഇത് കണ്ടതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്. മതവിശ്വാസത്തിന് എതിരായ നിലപാട് അല്ല സി.പി.എമ്മിനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.

അതിന്റെ പ്രയോഗമാണ് ചരിത്രപരമായ ഭൗതിക വാദം. വിഷയത്തിൽ ഷംസീർ മാപ്പു പറയാനോ തിരുത്തിപ്പറയാനോ ഇല്ല. ഷംസീർ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്.-സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എറണാകുളത്ത് ഒരു പരിപാടിക്കിടെ മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പ്രസംഗിച്ചത്. സ്പീക്കർ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ഇതിനെതിരെ സംഘപരിവാര സംഘടനകൾ രംഗത്തുവരികയായിരുന്നു.