ഭാഗ്യദേവത കടാക്ഷിച്ചു, ക്ഷീര കർഷകന് ലഭിച്ചത് 75 ലക്ഷത്തിന്റെ ലോട്ടറി

മലപ്പുറം: മലപ്പുറത്തെ ക്ഷീര കർഷകനായ അയ്യപ്പനെ തേടിയെത്തിയത് 75 ലക്ഷത്തിന്റെ ഭാ​ഗ്യം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പെരിന്തൽമണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനെ തേടിയെത്തിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് അയ്യപ്പന് ഭാഗ്യം ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അയ്യപ്പന് ഏറെ നാളത്തെ ഭാഗ്യപരീക്ഷണത്തിന് ഒടുവിൽ ലഭിച്ച സൗഭാഗ്യമാണ് ഇത്.

ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസിൽ നിന്നാണ് അയ്യപ്പൻ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് കേരള സ്റ്റേറ്റ് കോർപ്പറേഷൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകർഷകരാണ്. മക്കളായ അനിത, അനില, അനിഷ എന്നിവരെ വിവാഹം കഴിപ്പിച്ചയച്ചു.

അതേസമയം, ലോട്ടറിയിൽ നിന്ന് കിട്ടുന്ന സമ്മാന തുക കൊണ്ട് കടബാധ്യതകൾ തീർക്കണമെന്നും, സ്ഥിരമായി വരുമാനം കണ്ടെത്താൻ എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.