ഡ്രൈവിംഗ് ടെസ്റ്റുകൾ പാളി ,പരിഷ്‌കാരം പിൻവലിച്ചു ഗണേഷ്‌ മന്ത്രി ഓടിത്തള്ളി

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിയന്ത്രണം കൊണ്ട് വന്ന ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ സ്കെച്ചും പ്ലാനും എല്ലാം പാളി, കേരളത്തിൽ മാർച്ച് 7 മുതൽ ‌ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് മാത്രമേ നടത്താൻ പാടുള്ളു അല്ലങ്കിൽ നടത്തിയാല്‍ മതിയെന്ന നിര്‍ദേശം ആണ് ഒടുവിൽ കുളമായത്. ഇതോടെ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന പരിഷ്‌കാരം ഗണേഷ് മന്ത്രി തന്നെ പിൻവലിച്ചു തടിയൂരി. നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിച്ചത്. ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. നിയന്ത്രണം നടപ്പാക്കിയാല്‍ ഇന്ന് സ്ലോട്ട് കിട്ടിയ പലര്‍ക്കും മടങ്ങിപ്പോകേണ്ടി വരും. ഇതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് എത്തിയവര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചത്. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം പെട്ടെന്ന് ഏര്‍പ്പെടുത്തിയത്. പുതിയ തീരുമാനത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരും പ്രതിഷേധം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നു കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാന്‍ പാടില്ല. മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണനിലയില്‍ 100 മുതല്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, കേരള മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കാരം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാക്ഷേപം. ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതിയാണ് ഈ ആശങ്ക ഉയർത്തിയിട്ടുള്ളത്. പരിഷ്‌കാരം ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കിയേക്കുമെന്നതാണ് ഇവരുടെ പ്രധാന ആശങ്ക. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതെയുമാണ് പുതിയ പരിഷ്കാരം.സംസ്ഥാനത്തൊട്ടാകെ വലുതും ചെറുതുമായ ഏഴായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളുണ്ട്. അതിൽ ഒന്നര ലക്ഷത്തോളം ജീവനക്കാരും. പുതിയ നിയമം പ്രാവർത്തികമാക്കിയാൽ 90 ശതമാനത്തോളം സ്‌കൂളുകളും പൂട്ടേണ്ടിവരും. ആലത്തൂർ ഉൾപ്പടെ മിക്കവാറും സബ് ആർ.ടി.ഒ ഓഫീസിൽ നിലവിൽ വാഹനം പോലുമില്ല. വൈദ്യുതി തടസം നേരിട്ടാൽ പരിഹരിക്കാൻ ബാറ്ററിയും ഇല്ല.

‘കൈയിൽ ഗിയറുള്ള വാഹനങ്ങൾ ഒഴിവാക്കാൻ തയ്യാറാണ് (എം.80). ഉദ്യോഗസ്ഥർ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്ത നിയമം കൊണ്ട് വരുകയും പരാജയപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്വം മന്ത്രിയുടെ തലയിലാവുകയും ചെയ്യും. വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വത്കരണമാണ് അജണ്ട’- ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഹരിസൂൻ നായർ പറഞ്ഞു.

പരിഷ്കരണത്തിലെ അപ്രായോഗികതകൾ

 86 ടെസ്റ്റ് കേന്ദ്രങ്ങളുള്ള സംസ്ഥാനത്ത് വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത് ഒമ്പത് ഇടത്തുമാത്രം. മറ്റ് ടെസ്റ്റ് കേന്ദ്രങ്ങളാകട്ടെ അമ്പലപ്പറമ്പിലോ, പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ സ്‌കൂളുകൾ വാടക നൽകുന്ന സ്ഥലത്തോ ആണ്. അവിടെ പരിഷ്കരിച്ച ടെസ്റ്റിനുള്ള ട്രാക്ക് ഒരുക്കാൻ കഴിയില്ല. മെയ് 1-ാം തിയതി മുതൽ ട്രാക്ക് ഒരുക്കുക അപ്രായോഗികമാണ്.

 നിലവിൽ 2000-ത്തോളം അപേക്ഷകർ ടെസ്റ്റിന് തിയതി ലഭിക്കാതെ വലയുകയാണ്.

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുക എന്ന നിയമം പ്രാബല്യത്തിൽ വന്നാൽ 90 ശതമാനം സ്‌കൂളുകളും പുതിയതോ മറ്റൊരു വാഹനമോ വങ്ങേണ്ടി വരും. ഇത് അധിക ചെലവാകും.

വൈദ്യുത, ഓട്ടോമാറ്റിക് വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല എന്ന നിയമമില്ല. വിദേശ ലൈസെൻസിനു മാത്രമാണ് ഓട്ടോമാറ്റിക് എന്ന ക്ലാസ് ഉള്ളത്. വാഹനത്തിന്റെ ഇന്ധനം എന്നത് ഇവിടെ വിഷയമല്ല.