പുരുഷ വേഷംകെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി പിടിയില്‍

മാവേലിക്കര: സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയം സന്ധ്യയെന്ന 27കാരിയാണ് പിടിയിലായത്. പുരുഷ വേഷം കെട്ടിയാണ് യുവതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സോഷ്യല്‍ മീഡിയയിലൂടെ പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി അടുത്തത്.

ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയകളിലൂടെ പുരുഷനെന്ന വ്യാജേന പരിചയപ്പെട്ട ശേഷം അടുപ്പത്തിലാവുകയും വീട്ടില്‍ നിന്നും വിളിച്ചറിക്കി കൊണ്ടുപോവുകയുമായിരുന്നു. കേസില്‍ പോക്‌സോ നിയമ പ്രകാരമാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സമൂഹ മാധ്യമത്തില്‍ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ട് വഴി വിദ്യാര്‍ത്ഥിനിയുമായി സന്ധ്യ സൗഹൃദമുണ്ടാക്കി. തുടര്‍ന്ന് അടുപ്പത്തിലാവുകയായിരുന്നു. ഒമ്പത് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കി.

അറസ്റ്റിലായ സന്ധ്യയുടെ പേരില്‍ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനില്‍ രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഇവര്‍. 2016 ല്‍ കാട്ടാക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആറു മാസം ശിക്ഷിക്കപ്പെട്ടിരുന്നു. ഇവര്‍ ജയിലില്‍ കഴിയുന്നതിനിടെ ലഹരിമരുന്ന് തേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം മൂന്ന് വര്‍ഷം താമസിച്ചിരുന്നു.

2019 ല്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സന്ധ്യയുടെ പേരില്‍ അടിപിടിക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ചാണ് അടുപ്പമുണ്ടാക്കുകയായിരുന്നത്. സമൂഹമാധ്യമങ്ങളിലെ മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലൂടെയായിരുന്നു സന്ധ്യ ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പ് വഴി മാത്രമായിരുന്നു ചാറ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു. പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നു വിദ്യാര്‍ഥിനി പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.