‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ സിനിമാ ലൊക്കേഷനില്‍ വനിതാ കമ്മീഷന്റെ മിന്നല്‍ സന്ദര്‍ശനം

കൊച്ചി :ചിത്രീകരണം നടക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മിന്നല്‍ പരിശോധന. ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസിസി-ഇന്റണല്‍ കംപ്ലയിന്റ് കമ്മറ്റി) രൂപീകരിച്ചിട്ടില്ല എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

എറണാകുളത്തെ ബ്രഹ്‌മപുരം സ്‌കൂള്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് കഴിഞ്ഞ ദിവസം കമ്മീഷൻ അധ്യക്ഷ സതീദേവി പരിശോധന നടത്തിയത്. ചോദ്യം ചെയ്തതിനെത്തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് വാക്കാല്‍ അണിയറ പ്രവര്‍ത്തകര്‍ മറുപടി നൽകി. എന്നാൽ രേഖകള്‍ ഒന്നും കൈവശമുണ്ടായിരുന്നില്ല. “സിനിമ ചെയ്യുന്നുവെന്ന വിവരം പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെ അറിയിക്കുകയോ റജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല.

ഐസിസി കമ്മറ്റി അംഗങ്ങളെക്കുറിച്ചും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. മാത്രവുമല്ല ചട്ടപ്രകാരം വനിതയാണ് ഐസിസി ഹെഡ് ആയി ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ വാക്കാൽ രൂപീകരിച്ചിട്ടുണ്ട് എന്ന് പറയുകയല്ലാതെ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. ഐസിസി ഉണ്ടാക്കണമെന്ന കര്‍ശന നിര്‍ദേശം സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കമ്മീഷൻ നൽകി. സിനിമയ്ക്ക് ഐസിസി ഉണ്ടെന്നത് ലൊക്കേഷനില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഷൂട്ടിങ് കഴിയുന്നതുവരെ ഐസിസി യോഗങ്ങള്‍ ചേരണമെന്നും മിനുട്‌സ് ഉൾപ്പടെ തയ്യാറാക്കേണ്ടതുണ്ട്.