യുവതിയെ കൊലപ്പെടുത്തി, അടുത്ത മുറിയില്‍ കിടന്നുറങ്ങി ഭര്‍ത്താവ്

കൊല്ലം: ഇരവിപുരത്ത് ഇരുമ്പ് വടി കൊണ്ട് ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം ചന്തയ്ക്ക് സമീപം വാടക വീട്ടില്‍ തമാസിക്കുന്ന ഈശ്വരിയാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ഇവരുടെ ഭര്‍ത്താവ് 42കാരന്‍ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന ജോലി ചെയ്യുന്നയാളാണ് മുരുകന്‍, സമീപത്ത കടകളില്‍ സഹായായി ജോലി ചെയ്യുകയായിരുന്നു ഈശ്വരി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

സ്ഥിരമായി മദ്യപിച്ച് എത്തുന്ന മുരുകന്‍ ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. വീട്ട് ചിലവിനും മുരുകന്‍ പണം നല്‍കാറില്ലായിരുന്നു. കുടുംബം നോക്കിയിരുന്നത് ഈശ്വരിയായിരുന്നു. ശനിയാഴ്ച വൈകിട്ട് മക്കളെ ഈശ്വരി സഹോദരിയുടെ വീട്ടില്‍ ആക്കിയിരുന്നു. അടുത്ത ദിവസം രാവിലെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് ഈശ്വരി അവിടെ നിന്നും തിരിച്ചത്.

ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ ഈശ്വരിയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. സുഹൃത്ത് അമ്പിളിയും വിളിച്ചിരുന്നു. കിട്ടാതായതോടെ ഈശ്വരിയുടെ വീട്ടിലേക്ക് പോയി. ഇവിടെയെത്തുമ്പോള്‍ വാതില്‍ തുറന്നിട്ട് കിടക്കുകയായിരുന്നു. അകത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മുരുകന്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈശ്വരി കൊല്ലപ്പെട്ട വിവരം ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന വാടക വീടിന്റെ മറുഭാഗത്ത് താമസിച്ചവര്‍ പോലും ഒന്നുമറിഞ്ഞില്ല. തമിഴ്‌നാട് സ്വദേശികളായ ഈശ്വരിയും കുടുംബവും വര്‍ഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. യുവതി ഇരവിപുരത്താണ് പഠിച്ചത്. മുരുകന്‍ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം മറിച്ചുവച്ചാണ് ഈശ്വരിയെ വിവാഹം കഴിച്ചത്. പ്രതിക്ക് യുവതിയെ സംശയമായിരുന്നു. മറ്റുള്ളവരുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയിരുന്നു.