ഈ കൊറോണയെ പേടിക്കേണ്ട, ഇത് കൊറോണയമ്മ

കോട്ടയം: കൊറോണ എന്ന് കേള്‍ക്കുമ്പോഴേ ഏവര്‍ക്കും ഭയമാണ്. കൊലയാളി വൈറസ് ആയ കൊറോണയെ തുരത്താനായി ലോകം മുഴുവന്‍ പ്രയത്‌നിക്കുകയാണ്.എന്നാല്‍ കോട്ടയത്ത് ചുങ്കു മുള്ളൂര്‍കാര്‍ക്ക് ഭയമിലല്ലാത്ത ഒരു കൊറോണയുണ്ട്. മള്ളൂശേരി അംബ്രോസ് നഗറില്‍ മാത്തന്‍പറമ്പില്‍ ഷൈന്‍ തോമസിന്റെ ഭാര്യയാണ് എസ്. കൊറോണ.ഈ കൊറോണയെ നാട്ടില്‍ ആര്‍ക്കും പേടിയില്ല.

കായംകുളം ചൂളത്തെരുവ് ജെ.ബാബുവിന്റെയും സെലിന്റെയും മകളാണിത്.മാമോദീസയ്ക്ക് ചൂളത്തെരുവ് സെന്റ് ജോസഫ്‌സ് പള്ളിയില്‍ കൊണ്ടു ചെന്നപ്പോള്‍ വികാരി ഫാ.ജയിംസ് ആണ് കുട്ടിക്ക് കൊറോണ എന്ന് പേര് നിര്‍ദേശിച്ചതും ഇട്ടതും.ചടങ്ങിന് മുമ്പ് കുട്ടിക്കിടാന്‍ പേരെന്തെങ്കിലും മനസ്സില്‍ ഉണ്ടോ എന്ന് വികാരി ചോദിച്ചു.ഇല്ലെന്ന് പറഞ്ഞതോടെ അദ്ദേഹം തന്നെ ഒരു പേരിടുകയായിരുന്നു. അതാണ് കൊറോണ. ടിനു എന്നൊരു വിളിപ്പേരും ഇട്ടു.കൊറോണ എന്നാണ് സ്‌കൂളിലെ പേര്.ഇനിഷ്യലും ഇല്ല.കൊറോണ എന്ന പേരിനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ബൈബിളുമായി ബന്ധപ്പെട്ട പേര് എന്നായിരുന്നു പറഞ്ഞിരുന്നത്.ഇതിന്റെ അര്‍ത്ഥം കരീടം എന്നാണെന്നും പറഞ്ഞു.

ഇപ്പോള്‍ ലോകം മുഴുവന്‍ കൊറോണ എന്ന പേര് പ്രചരിച്ചതോടെ പഴയ സുഹൃത്തുക്കള്‍ എല്ലാവരും കൊറോണയെ വിളിക്കുകയും പരിചയം പുതുക്കുകയും ചെയ്യുന്നുണ്ട്.കായംകുളം ചൂളത്തെരുവ് സ്‌കൂളിലെ പഴയ കൂട്ടുകാര്‍ പലരും കൊറോണയെ വിളിക്കുന്നുണ്ട്.ഇംഗ്ലീഷില്‍ പേര് എഴുതുമ്പോള്‍ ഒരു വ്യത്യാസം ഉണ്ട്.Korona എന്നാണ് പേര് എഴുതുന്നത്.കാരിച്ചാല്‍ ഹോളിഫാമിലി പള്ളിയില്‍ 10 വര്‍ഷം മുന്‍പായിരുന്നു ഷൈനിന്റെയും കൊറോണയുടെയും വിവാഹം.ഇവര്‍ക്ക് 2 മക്കള്‍ വിദ്യാര്‍ഥികളായ കെവിന്‍,നവീന്‍. ഇതില്‍ കെവിന്‍’കൊറോണയമ്മ’എന്നാണ് വിളിക്കുന്നത്.മത്സ്യത്തൊഴിലാളിയായ ഷൈനിന്റെ കൂട്ടുകാരായ സിങ്കല്‍ തന്മയ,പ്രദീപ് എമിലി എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ വിഡിയോയിലൂടെയാണ്’കൊറോണ’വിവരം നാടറിഞ്ഞത്.