ശക്തന്റെ തട്ടകത്തിൽ മോദി , രണ്ട് ലക്ഷത്തിലേറെ വനിതകൾ ,വേദിയിൽ മാറിയകുട്ടിയും ശോഭനയും ഉൾപ്പെടെ കരുത്താർന്ന സ്ത്രീ സാന്നിധ്യം

ഹരിത കുങ്കുമ പതാകകൾ നിറഞ്ഞ തൃശൂർ നഗരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം. വനിതാ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നയങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഇന്നു സ്ത്രീശക്തി സംഗമത്തെ അഭിസംബോധന ചെയ്യുകയാണ്. രണ്ടു ലക്ഷത്തിലേറെ വനിതകള്‍ മോദിയെ കാണാനെത്തും. വനിതാ സംവരണ ബില്ലും മുത്തലാഖ് നിരോധനവും നടപ്പാക്കിയ പ്രധാനമന്ത്രിക്ക് കേരള സ്ത്രീസമൂഹം ആദരവര്‍പ്പിക്കുന്ന സമ്മേളനം കൂടിയാകും സ്ത്രീശക്തി സംഗമം. വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനത്താണ് നരേന്ദ്ര മോദിക്ക് വേദിയൊരുങ്ങുന്നത്. സമ്മേളന നഗരിയില്‍ സ്ത്രീകള്‍ക്കു മാത്രമാകും പ്രവേശനം. നഗരത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയുമുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരമൊരുങ്ങി. ഹരിത കുങ്കുമ പതാകകളാണെങ്ങും. മോദിക്കു സ്വാഗതമോതുന്ന ബോര്‍ഡുകളും ബാനറുകളും പാതകള്‍ക്കിരുവശവും നിറഞ്ഞു. കേന്ദ്ര സുരക്ഷാ സേനയും കേരള പോലീസും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിയോടെ വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം തൃശ്ശൂരിലേക്കു തിരിക്കും. സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിക്കു സമീപം പൗരാവലി മോദിയെ സ്വീകരിക്കും. തുടര്‍ന്ന് ഒരു കിലോമീറ്ററോളം റോഡ്ഷോയായി സമ്മേളന നഗരിയിലെത്തും. നായ്‌ക്കനാല്‍ കവാടം വഴിയാണ് പ്രധാനമന്ത്രി വേദിയില്‍ പ്രവേശിക്കുക. മൂന്നു മണിക്ക് സ്ത്രീശക്തി സംഗമത്തിനു തുടക്കമാകും. മോദിയെ കാണാനുള്ള ആവേശത്തില്‍ വനിതാ പ്രവര്‍ത്തകര്‍. എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി, നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക ശോശാമ്മ ഐപ്പ്, പ്രമുഖ വസ്ത്ര ഡിസൈനര്‍ ബീന കണ്ണന്‍ തുടങ്ങിയ പ്രമുഖ വനിതാരത്‌നങ്ങള്‍ മോദിയ്‌ക്കൊപ്പം വേദിപങ്കിടും. പൊതുസമ്മേളനം നിയന്ത്രിക്കാനും മറ്റുമായി 150 ഓളം വനിതാ വോളന്റിയേഴ്‌സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരത്തോളം വനിത പോലീസുദ്യോഗസ്ഥരെയും വേദിയുടേയും സദസ്സിന്റേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

നഗരത്തിലെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും വനിതകളാണ്. ജന്‍ധന്‍യോജന മുതല്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ‘മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്’ പദ്ധതി വരെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള മികച്ച ചുവടുവയ്‌പ്പാണ്. ‘നാരീ തു നാരായണി’ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായാണിപ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കാണാനെത്തുന്നവര്‍ക്കും സ്‌ഫോടകവസ്തു പരിശോധന പൂര്‍ത്തിയാക്കി മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ സദസിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മൈതാനത്തേക്ക് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം. ആയിരത്തോളം വനിത പോലീസുദ്യോഗസ്ഥരെയാണ് വേദിയുടേയും സദസ്സിന്റേയും സുരക്ഷക്കായി വിന്യസിച്ചിട്ടുളളത്.ബാഗ്, കുപ്പിവെളളം, കുട തുടങ്ങിയവ അനുവദിക്കുകയില്ല. മൊബൈല്‍ ഫോണ്‍ കൈവശം കരുതാവുന്നതാണ്.

നഗരത്തില്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം. അഞ്ഞുറിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് ട്രാഫിക് ഡ്യൂട്ടികള്‍ക്കുവേണ്ടി മാത്രം വിന്യസിച്ചിട്ടുള്ളത്. സ്വരാജ് റൗണ്ടിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന എല്ലാ ഉയര്‍ന്ന കെട്ടിടങ്ങളിലും പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വേദി, ബാരിക്കേഡ് തുടങ്ങി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുളള ഇതര സംസ്ഥാന തൊഴിലാളികളടക്കമുളളവരെ കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി.പ്രധാന വേദിയായ നായ്‌ക്കനാല്‍ പ്രദേശവും, വടക്കുന്നാഥ ക്ഷേത്ര മൈതാനവും ഡോഗ് സ്‌ക്വാഡ്ടക്കമുള്ള സ്‌ഫോടക വസ്തു പരിശോധന പൂര്‍ത്തിയാക്കി. മുഴുവന്‍ സമയം ജാഗ്രത പാലിക്കുന്നതിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.