യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു വസന്ത്‌നഗറിലെ ഫ്ളാറ്റിലാണ് യെദിയൂരപ്പയുടെ മൂത്ത മകള്‍ പദ്മയുടെ മകളായ സൗന്ദര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്.

രാമയ്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് കൂടിയാണ് സൗന്ദര്യ.