28കാരിയായ വീട്ടമ്മയും 20കാരനായ ആൺസുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കി

കർണാടകയിലെ ഹുസൂരിൽ 28കാരിയായ വീട്ടമ്മയും 20കാരനായ ആൺസുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് ജീവനൊടുക്കിയത്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ശ്രുതി(28), സമീപവാസി കൂടിയായ മുരളി(20) എന്നിവരാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘അയൽവാസികളായ ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസം ശ്രുതിക്കൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോ മുരളി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചൊല്ലി, കുടുംബങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. വിവരം അറിഞ്ഞ് കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രുതി വീടിനുള്ളിൽ കയറി ഫാനിൽ തൂങ്ങി മരിച്ചത്. വിവരം അറിഞ്ഞ മുരളി തന്റെ വീടിന് സമീപത്തെ ഒരു മരത്തിൽ കയറ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.”

അതേസമയം, ശ്രുതിയും മുരളിയും തമ്മിൽ അടുത്ത സുഹൃത്തുകൾ മാത്രമാണ്. മറ്റ് ബന്ധങ്ങളൊന്നും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്ന് അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. വ്യത്യസ്ഥ ജാതികളിൽപ്പെട്ടതിനാലാണ് ഇരുവരുടെയും സൗഹൃദത്തിന് കുടുംബം എതിര് നിന്നിരുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു.