ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ മാലപൊട്ടിച്ച കേസില്‍ അസം സ്വദേശിയായ യുവാവ് പിടിയില്‍

കോട്ടയം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ മാലപൊട്ടിച്ച പ്രതി പിടിയില്‍. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നാണ് പ്രതി യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. ക്രിസ്മസ് ദിനത്തില്‍ രാത്രി 11.30ഓടെയാണ് സംഭവം.

ട്രെയിന്‍ നിങ്ങി തുടങ്ങിയതോടെ വിന്‍ഡോ സീറ്റില്‍ ഇരുന്ന തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല കവരുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം പ്രതി അമൃത എക്‌സ്പ്രസില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് രണ്ട് യാത്രക്കാരുടെയും പരാതിയില്‍ അസം സ്വദേശിയായ പ്രതിയെ പിടികൂടുകയായിരുന്നു.