പഠനത്തിനായി ജോലി ചെയ്ത കൗമാരക്കാരന്‍ ശമ്പളം ചോദിച്ചതിന് കൈ തല്ലിയൊടിച്ചു

പണിയെടുത്ത് പഠനം നടത്തുന്ന വിദ്യാര്ത്ഥികള്‍ എന്നും സമൂഹത്തിന് മാതൃകയാണ്. അത്തരത്തില്‍ പണം കണ്ടെത്താന്‍ ജോലിക്ക് പോയ പതിനേഴുകാരന് നേരിട്ടത് ദുരനുഭവമാണ്. മാന്യമായി ജോലി ചെയ്തിട്ട് ശമ്പളം ചോദിച്ചതിന് കടയുടമയും ഗുണ്ടകളും മര്‍ദ്ദിച്ച് അവശനാക്കി കൈ തല്ലിയൊടിച്ചു. ഓച്ചിറ വലിയകുളങ്ങര അറ്റത്ത് ശ്രീജിത്തി(17)നെയാണ് കടയുടമയുടെ കൊട്ടേഷനില്‍ ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. നിഷാദിന് ഉത്സപറമ്പുകളിലും മറ്റും ഫാന്‍സി സാധനങ്ങളുടെ വില്‍പ്പനയാണ്. നിഷാദിന്റെ ഫാന്‍സി ഷോപ്പില്‍ ജോലിക്ക് നിന്നതായിരുന്നു ശ്രീജിത്ത്. രണ്ട് മാസത്തിലധികം ജോലി ചെയ്തതിന്റെ കൂലി കിട്ടാതിരുന്നത് ചോദിച്ചതിനാണ് നിഷാദും ഗുണ്ടകളും ചേര്‍ന്ന് ശ്രീജിത്തിനെ മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ചത്.

സംഭവത്തെ പറ്റി ശ്രീജിത്ത് പറയുന്നതിങ്ങനെ: രണ്ട് മാസമായി കിട്ടാനുള്ള ശമ്പളം ചോദിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പിന്നീട് തരമാമെന്ന് പറഞ്ഞ് നിഷാദ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ അടുത്തിടെയായി ഫോണ്‍ എടുക്കാതായതോടെ നിഷാദിന്റെ വീട്ടില്‍ പലതവണ ശമ്പളം ചോദിച്ച് ചെന്നിരുന്നു. എന്നാല്‍ നിഷാദ് അവിടെയുണ്ടായിരുന്നില്ല. അങ്ങനെ കഴിഞ്ഞ 7 ന് നിഷാദിന്റെ വീട്ടില്‍ ശമ്പളം ചോദിച്ച് എത്തിയപ്പോഴും അവിടെ ഇല്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വൈകിട്ട് താന്‍ വീണ്ടും വരുമെന്നും അപ്പോള്‍ രൂപ വാങ്ങി വയ്ക്കണമെന്നും വീട്ടുകാരോട് പറഞ്ഞ് ഞാന്‍ മടങ്ങി. പിന്നീട് ശ്രീജിത്തിന്റെ വീട്ടിൽ ആക്രമി സംഘം എത്തുകയും പൈസ തരാനാണ് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും ആക്രമിക്കുകയും ആയിരുന്നു.  കൃഷ്ണപുരം പാലത്തിന് കീഴില്‍ കൊണ്ടു പോയിയാണ് ആക്രമിച്ചത് . അവശനായ ശ്രീജിത്തിനെ സംഘം ഓച്ചിറയിലെ ഓഡിറ്റോറിയത്തിന് മുന്നിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ് പതിനേഴുകാരനായ ശ്രീജിത്ത്. പിതാവ് മരിച്ചതോടെ മാതാവ് കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിയുന്നത്. അതിനാല്‍ പത്താം ക്ലാസ് കഴിഞ്ഞ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എങ്ങനെയും കുറച്ചു പണം ഉണ്ടാക്കി ഐ.ടി.ഐയില്‍ പഠിക്കാന്‍ പോകണം എന്ന ഉദ്ധേശത്തോടെയാണ് ശ്രീജിത്ത് നിഷാദിന്റെ കടയില്‍ ജോലിക്ക് പോയത്. പഠിക്കാൻ ഫീസിനായി കൂലി പണിക്ക് പോയി ഇപ്പോൾ കൈ ഒടിഞ്ഞ അവസ്ഥയിലാണ്‌ ഈ വിദ്യാർഥി. പഠിക്കാനും ആകുന്നില്ല. പരീക്ഷയും ഇതോടെ അവതാളത്തിലായി.  എനിക്ക് തരാനുള്ള കൂലി തന്നാലും കൈയ്യുടെ പരിക്കിനും പഠനം മുടങ്ങിയതിനും ഒക്കെ എന്തു ചെയ്യും എന്ന് സങ്കടം പറയുകയാണ്‌ ഈ 17കാരൻ