രാഖി കൊഞ്ചി കുഴഞ്ഞങ്ങു വിളിച്ചതോടെ യുവാവിന്റെ നെഞ്ചിൽ ലഡുപൊട്ടി, അടിവസ്ത്രമൊഴികെ അവൾ അടിച്ചോണ്ടു പോയി

ന്യൂഡല്‍ഹി. യുവാക്കളെ ഡേറ്റിങ് ആപ്പിലൂടെ കുടുക്കി പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും അറസ്റ്റില്‍. രാഖി എന്ന കാശിഷ്, സന്തോഷ് കുമാര്‍ ഭഗത് എന്നിവരെയാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 15,000 രൂപയും പാന്‍, ഡെബിറ്റ് കാര്‍ഡുകളും മയക്കുഗുളികകളും പിടിച്ചെടുത്തു. രാഖിയുടെ തട്ടിപ്പിനെക്കുറിച്ച് ഒക്ടോബര്‍ നാലാം തീയതി ഒരു യുവാവ് പോലീസിൽ പരാതി നൽകി.

ഡേറ്റിങ് ആപ്പിലൂടെ രാഖി ചതിയാണ് ചെയ്തത്. കൊടും ചതി. യുവാവിന്റെ അടിവസ്ത്രം ഒഴികെ ബാക്കിയെല്ലാം രാഖിയങ്ങു കൊണ്ട് പോയി. രാഖിയുടെ കൊഞ്ചലില്‍ വീണു പോയവര്‍ക്കൊക്കെ മുട്ടന്‍ പണി കിട്ടി. ഡേറ്റിങ് ആപ്പിലെ പരിചയം, സംസാരം അതിരു കടക്കും ഒടുവില്‍ സ്വകാര്യമായ് കാണാന്‍ വിളിക്കും. മോനേ മനസ്സില്‍ ലഡ്ഡു പൊട്ടി. എന്തേലുമൊക്കെ നടക്കുമെന്ന് പറഞ്ഞ് ചെന്ന് കേറിക്കൊടുത്തവരുടെ അടിവസ്ത്രം അടിച്ചെടുത്തില്ലെ ന്നെ ഉള്ളൂ ബാക്കിയെല്ലാം രാഖിയും കൂട്ടുകാരനും അടിച്ചോണ്ടു പോയി. കവര്‍ച്ചയില്‍ കുടുങ്ങിയത് 20ലേറെ പേരാണ്. ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും അറസ്റ്റിലായി.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നേരിട്ട് കാണാന്‍ ആവശ്യപ്പെട്ട് നീലംചൗക്കിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ കൊള്ളയടിച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. നീലംചൗക്കില്‍ വെച്ച് നേരിട്ട് കണ്ടതിന് പിന്നാലെ ഇരുവരും യുവാവിന്റെ വീട്ടിലേക്ക് പോയി.

ഇവിടെവെച്ച് രാഖി യുവാവിന് ശീതളപാനീയം നല്‍കി. ഇത് കുടിച്ചതോടെ താന്‍ ബോധരഹിതനായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് കവര്‍ച്ച നടന്നത് മനസിലായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍, പണം, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയാണ് യുവതി മോഷ്ടിച്ചത്. യുവാവിന്റെ ഫോണില്‍നിന്ന് ഒരുലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രാഖിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച രാഖി ഹരിയാനയിലാണുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് രണ്ടുപ്രതികളെയും പിടികൂടുന്നത്. 2005-ല്‍ പുറത്തിറങ്ങിയ ബണ്ടി ഓണ്‍ ബബ്ളി എന്ന സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ക്കിറങ്ങി യതെന്നാണ് പ്രതികളുടെ മൊഴി.

സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും രാഖിയാണ് യുവാക്കളുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തും. ഈ സമയത്ത് ഭക്ഷണസാധനങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവാക്കളെ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും ഇതുവരെ ഇരുപതിലേറെ യുവാക്കള്‍ ഇവരുടെ കെണിയില്‍വീണിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ശീതളപാനീയം കുടിച്ചതിന് പിന്നാലെ ബോധരഹിതനായി. പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് പണവും മൊബൈല്‍ ഫോണും ആഭരണങ്ങളും നഷ്ടമായെന്ന് മനസിലായത്.

ഇതങ്ങ് ഡല്‍ഹിയില്‍ അല്ലേന്ന് പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. കേരളത്തിലും ഉണ്ട് ഇതുപോലെ നിരവധി രാഖിമാരും അശ്വതി അച്ചുമാരുമൊക്കെ. വ്‌ളോഗര്‍ ദമ്പതികള്‍ മുതല്‍ ഹണിട്രാപ്പില്‍ വീഴ്ത്തി കുടുക്കുന്ന റാക്കറ്റുകല്‍ വരെ കേരളത്തില്‍ സുലഭമാണ്. എത്രയോ തട്ടിപ്പുകള്‍ നടന്നിരിക്കുന്നു. ചിലത് മാത്രം പുറത്ത് വന്നു. നാണക്കേട് ഭയന്ന് പുറത്ത് പറയാത്ത എത്രയോ തട്ടിപ്പുകളുണ്ട്. ഹണിട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങളും കോടികളുമാണ് തട്ടിയെടുക്കുന്നത്. തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നാലും അതില്‍ച്ചെന്ന് ചാടിക്കൊടുക്കുന്നവർ ചില്ലറയല്ല.