ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമെന്നു ആരോപിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

കർഷക സമരത്തോടുള്ള കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കർഷക സമരങ്ങളിൽ ഭദാന പിന്തുണയുമായി എത്തിയിരുന്നു. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എംപി കൂടിയായിരുന്ന ഭദാന പാർട്ടി പദവികളും എംഎൽഎ സ്ഥാനവും രാജിവെക്കുകയാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഭദാനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു എന്നാണ് റിപ്പോർട്ട്. അദ്ദേഹവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും നേതാക്കൾ പ്രതികരിച്ചു.