ശിവശക്തി പോയിന്റിനെ പരിഹസിച്ച് എം.വി ഗോവിന്ദൻ

കോഴിക്കോട്: ചന്ദ്രയാൻ 3 റോവർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ട സംഭവത്തിൽ വിമർശനവുമായി സിപിഐഎം സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയ ധ്രുവീകരണം നടപ്പാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തിൽ അപമാനിക്കുന്ന രീതിയെന്നും അദ്ദേഹം പറഞ്ഞു.

മണ്ണ് മാഫിയയെ ശക്തമായി നേരിടേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. പാടം നികത്തുന്നതിനെതിരെ വി എസ് സമരം നടത്തിയപ്പോൾ വെട്ടി നിരത്തൽ എന്ന് പറഞ്ഞ് മാധ്യമങ്ങൾ അധിക്ഷേപിച്ചിരുന്നു. ആ വെട്ടിനിരത്തൽ കാരണമാണ് കേരളം ഇങ്ങനെ നിലനിൽക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇന്ത്യയിലെവിടെയും സംഘപരിവാർ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്ന സാഹചര്യമാണ്. മണിപ്പുർ ഇന്ത്യയിലെവിടെയും നടക്കും. ഗുജറാത്തിൽ പണ്ടേ നടന്നിട്ടുണ്ട്. സംഘപരിവാറിന് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലും ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെട്ട ആസൂത്രിതമായ നീക്കങ്ങൾ നടത്താനാവും. ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.