എന്‍സിപിയുടെ കേരള ഘടകം പവാറിന് ഒപ്പം നില്‍ക്കുമെന്നു പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും

എൻസിപി മഹാരാഷ്ട്രയിൽ പിളര്‍ന്നതോടെ പ്രതിസന്ധിയിലായ എന്‍സിപിയുടെ കേരള ഘടകം പവാറിന് ഒപ്പം നിൽക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും. അജിത് പവാര്‍ ബിജെപി പക്ഷത്തോ ടൊപ്പം പോയിരിക്കവേയാണ് ശരദ് പവാറിനൊപ്പം നില്‍ക്കാന്‍ കേരള ഘടകം തീരുമാനിച്ചിരിക്കുന്നത്.

പിളര്‍പ്പ് കേരള ഘടകത്തെ ബാധിക്കില്ലെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ‘അധികാരത്തോടു താൽപര്യമുള്ളവർ അധികാരത്തിൽ എത്താൻ കുറുക്കുവഴികൾ തേടുന്നത് സ്വാഭാവികമാണ്. എൻസിപിയിൽനിന്നു പോയവർ ഇതിനു മുൻപും പോവുകയും സത്യപ്രതിജ്ഞ ചെയ്യുകയും അതേ കസേരയിൽ ഇരിക്കുകയും ചെയ്തശേഷം തിരിച്ചുവക്കുകയായിരുന്നു. – പി.സി.ചാക്കോ പറഞ്ഞിരിക്കുന്നു.

53 എംഎൽഎമാരുള്ള പാർട്ടിയാണ് മഹാരാഷ്ട്രയിൽ എൻസിപി. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ശരദ് പവാർ നയിക്കുന്ന എൻസിപിക്ക് തന്നെയായിരിക്കും ജനപിന്തുണ. ശരദ് പവാര്‍ ബിജെപിയ്ക്ക് എതിരെ മുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിന്നിടെയാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായത്. – പി.സി.ചാക്കോ പറയുന്നു.

29 എംഎൽഎമാരുമായി ബി ജെ പി ക്ക് ഒപ്പം ചേർന്ന അജിത്‌ പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരാണ് അജിത്‌ പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.