രാത്രി മുഴുവന്‍ ഉറങ്ങാതെ ഫോണില്‍ കളിച്ചത് തുണയായി; 18കാരന്‍ രക്ഷപ്പെടുത്തിയത് 75 പേരുടെ ജീവന്‍

കുട്ടികളയേും കൗമാരക്കാരേയും കുറിച്ച് രക്ഷിതാക്കളുടെ ഏറ്റവും വലിയ പരാതി മൊബൈല്‍ഫോണിന്റെ അമിത ഉപയോഗത്തെക്കുറിച്ചാണ്. ഗെയിമുകള്‍ക്കും വീഡിയോകള്‍ക്കും അഡിക്ടായി പുലരും വരെ ഉറങ്ങാതെ ഫോണില്‍ കളിക്കുമെന്നാണ് പ്രധാന പരാതി. എന്നാല്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന ഫോണില്‍ കളിച്ചത് ജീവന്‍ രക്ഷിച്ച വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് വരുന്നത്. പുലരുംവരെ ഫോണില്‍ വെബ്‌സീരീസ് കണ്ടിരുന്നതിന്റെ പേരില്‍ നൂറോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച് താരമായിരിക്കുകയാണ് മുംബൈയിലെ 18കാരനായ കുനാല്‍ മോഹിതെ. 75ഓളം പേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ അത് മുന്‍കൂട്ടി അറിയാന്‍ സാധിച്ചതാണ് കുനാലിനെ താരമാക്കിയത്.

മുംബൈക്ക് സമീപത്തെ ഡോംബിവിലിയിലാണ് സംഭവം. പതിവുപോലെ രാത്രി മുഴുവന്‍ വെബ്‌സീരിസ് കണ്ടിരുന്ന കുനാലിന് പുലര്‍ച്ചെ നാല് മണിയായപ്പോള്‍ വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ കെട്ടിടം മുഴുവന്‍ ചെറുതായി കുലുങ്ങുന്നുണ്ടെന്നും ഉടന്‍തന്നെ കെട്ടിടം തകര്‍ന്നേക്കുമെന്നും തോന്നി. കുനാല്‍ അപ്പോള്‍ത്തന്നെ ഉറങ്ങുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി. സംഭവം ബോധ്യപ്പെട്ട വീട്ടുകാരും ചേര്‍ന്ന കെട്ടിടത്തില്‍ താമസിക്കുന്ന മുുവന്‍ ആളുകളെയും വിളിച്ചുണര്‍ത്തി വിവരമറിയിച്ചു. എല്ലാവരും പുറത്തേക്കിറങ്ങിയ നിമിഷത്തില്‍ത്തന്നെ കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീഴുകയും ചെയ്തു. ആര്‍ക്കും ഒരു പോറല്‍ പോലും പറ്റിയില്ല.

സംഭവമറിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും ഇവിടെനിന്ന് ഉടന്‍ മാറണമെന്നും ആവശ്യപ്പെട്ട് ഒമ്പത് മാസം മുന്‍പ്തന്നെ തങ്ങള്‍ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, നോട്ടീസ് ലഭിച്ചിരുന്നെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തങ്ങള്‍ക്ക് മറ്റൊരു താമസ സൗകര്യം ലഭിക്കാതിരുന്നതിനാലാണ് മാറാതിരുന്നതെന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറഞ്ഞു. 18 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.