പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ സങ്കീർണതകളുണ്ടായി, ആശയുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ : പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ നടത്തിയ പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ സങ്കീർണ്ണതകൾ ഉണ്ടായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്കിടയുണ്ടായ സങ്കീർണ്ണതയെ തുടർന്ന് യുവതിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതാണ് സ്ഥിതി ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശയെ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്കായി വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്‌ക്കിടെ യുവതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയും അമിത രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. ഇതോടെ ആശയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

വനിതാ ശിശു ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ആശയുടെ മരണത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാ-ശിശു ആശുപത്രി സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ആശയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.