നിലവിലെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ടാക്കണോ? ചിലവ് 200 രൂപ മാത്രം, ഒരു വര്‍ഷം കഴിഞ്ഞാല്‍ 1000 രൂപ അധികം

തിരുവനന്തപുരം : 200 രൂപ മുടക്കിയാല്‍ നിങ്ങളുടെ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകൾ സ്മാര്‍ട്ട് ലൈസന്‍സുകളാക്കി മാറ്റാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. പുതിയ ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസുംകൂടി അടയ്ക്കണം. ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും അധികമായി അടയ്‌ക്കേണ്ടി വരും.

വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മേയ്മുതല്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ ഉള്ളതാണ് സ്മാർട്ട് ലൈസൻസ്. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിനാൽ അക്ഷരങ്ങള്‍ മായില്ല.